ആലപ്പുഴ: കടലാസ് കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിരമിച്ച സർക്കാർ ജീവനക്കാരന്റെ ഒരു കോടി തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ് സാജൻ (42) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
ചാരുംമൂട് സ്വദേശി, സംസ്ഥാന കശുവണ്ടി കോർപറേഷനിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്റെ ഒരു കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്എസ്ആർ ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിന്റെ പാർട്ണറെന്ന് പരിചയപ്പെടുത്തിയാണ് സാജൻ തട്ടിപ്പ് നടത്തിയത്.
കേരള ബിവറേജസ് കോർപ്പറേഷനിൽ മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടറായി കമ്പനിയിൽ ചേർക്കാമെന്നായിരുന്നു വാഗ്ദാനം. കേസിൽ കൂട്ടുപ്രതികളാണെന്ന് സംശയിക്കുന്ന സാജന്റെ ഭാര്യയടക്കമുള്ളവർ ഒളിവിലാണ്.